കോൽക്കത്ത/ചെന്നൈ: ബംഗാളിലെയും തമിഴ്നാട്ടിലെയും രണ്ടു വീതം നിയമസഭാ മണ്ഡലങ്ങളിലും ആസാമിലെ നാഗാവ് ലോക്സഭാ മണ്ഡലത്തിലും നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. എല്ലാ മണ്ഡലങ്ങളിലും ഇന്നലെ പരസ്യപ്രചാരണം സമാപിച്ചു.
ബംഗാളിൽ നന്ദിഗ്രാം, റെജിനഗർ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളാണു നാളെ വിധിയെഴുതുക. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ചൊഴിഞ്ഞതിനെത്തുടർന്നാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ്. ഇവിടത്തെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ അറസ്റ്റ് ചെയ്തത് വലിയ വിവാദമുയർത്തിയിരുന്നു.
കഴിഞ്ഞ ദിവസം കൽക്കട്ട ഹൈക്കോടതി പ്രധാന് ജാമ്യം നല്കി. മമതപക്ഷത്തിന്റെ പിന്തുണ കോൺഗ്രസിനാണ്. ഹസിറായ് രഥ് ആണ് ബിജെപി സ്ഥാനാർഥി. സിപിഎം, ഐഎസ്എഫ് എന്നീ കക്ഷികളും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഗ്രൂപ്പും നന്ദിഗ്രാമിൽ മത്സരിക്കുന്നുണ്ട്. റെജിനഗറിൽ ബഹുകോണ മത്സരമാണ് അരങ്ങേറുന്നത്. ആം ജനത ഉന്നായൻ പാർട്ടി (എജെയുപി)യുടെ സിറ്റിംഗ് സീറ്റാണിത്. ബിജെപി, എജെയുപി, കോൺഗ്രസ്, തൃണമൂലിലെ ഇരു പക്ഷവും എന്നിവ റെജിനഗറിൽ മത്സരിക്കുന്നു.
അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നതിനെത്തുടർന്നാണ് സംവരണ മണ്ഡലങ്ങളായ ധാരാപുരത്തും മധുരാന്തകത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രാജിവച്ചവർതന്നെ ടിവികെ സ്ഥാനാർഥികളായി മത്സരിക്കുന്നു. ഡിഎംകെ, അണ്ണാ ഡിഎംകെ പാർട്ടികളും ശക്തമായി രംഗത്തുണ്ട്.ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന ഇടതുപാർട്ടികൾ രണ്ടു മണ്ഡലങ്ങളിലും മത്സരിക്കുന്നുവെന്നതാണു ശ്രദ്ധേയം. ഇന്നലെ ധാരാപുരത്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ് റോഡ് ഷോ നടത്തി.
കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് നാഗാവിൽ ഉപതെരഞ്ഞെടുപ്പ് .കോൺഗ്രസ്-ബിജെപി നേർക്കുനേർ പോരാട്ടമാണു നാഗാവിൽ നടക്കുന്നത്.